വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി

-

Wednesday, October 31, 2007

ദിനോസര്‍

സമയം ഉച്ച കഴിഞ്ഞിരിക്കുന്നു... സധാരണപോലെ ഉച്ചയൂണും കഴിഞ്ഞ് വെറുതെ പാട്ടും മൂളിയിരിക്കുമ്പോഴാണ് സുല്ലിന്റെ ഫോണ്‍... ഡാ ദുബൈയില്‍ ദിനോസര്‍ ഇറങ്ങിയിരിക്കുന്നു. സ്കൂളിലെ പുസ്തകങ്ങളിലും ജുറാസിക് പാര്‍ക്കിലും മാത്രം കണ്ട പുള്ളിയെ കാണാനായി ഞാനും പുറത്തിറങ്ങി.

പുറത്ത് ഒരുക്കുട്ടം അറബി പിള്ളേര്‍ക്ക് നടുവില്‍ തമനു ഇരുന്ന്‍ ചീട്ട് കളിക്കുന്നു... ഞാന്‍ ഈ വിവരം പറഞ്ഞതും ജീവിതത്തില്‍ വല്ലപ്പോഴുമേ ഇതൊക്കെ കാണാന്‍ പറ്റൂ... ഞാനിപ്പോ വരാം പിള്ളേരേന്നും പറഞ്ഞ് ‍ പുള്ളി കാശ് വരി കന്തൂറയുടെ പോകറ്റിലിട്ട് ചാടി എണീറ്റു... ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ കുറുമന്‍ ഇങ്ങോട്ട് വരുന്നു... കയ്യില്‍ ഒരു ചൂണ്ടയും ഉണ്ട്.

തമനു ആവേശത്തോടെ വിവരം പറഞ്ഞു... കുറുമന്‍ പച്ഛച്ചിരി പാസാക്കി... കൂടെ "ഒന്ന് പോഡേയ്... ഞങ്ങളുടെ കമ്പനിയാ അതിന് വിസ നല്കിയത്...' എന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ തമനൂന്‍ ദിനോസറിനെ പരിചയപ്പെട്ടേ തീരു... ഞാന്‍ എന്തിനാന്ന് ചോദിച്ചു... അതിന്റെ തലയില്‍ കയറി നീണ്ട കഴുത്തിലൂടെ ഊര്‍ന്നിറങ്ങി കളിക്കാനാണത്രെ.

കുറുമന്റെ വണ്ടിയില്‍ നിന്ന് ഒരു കൂട്ടം ആളുകള്‍ ഇറങ്ങിവന്നു... ഇതാര് എന്ന എന്റെ ചോദ്യത്തിന് അത് നാട്ടിന്ന് വന്ന ഉഴിച്ചിലുകാരാണെന്നായിരുന്നു മറുപടി. ദിനോസറിനും അതിന്റെ പാപ്പാന്റെയും സുഖചികിത്സക്കായി അമ്പത് മീറ്റര്‍ ലെങ്ത്തുള്ള രണ്ട് ടാങ്കറില്‍ തൈലം ആര്യവൈദ്യശാലയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്നും അതേ കണ്ടൈനറില്‍ തന്നെ ഏറനാടന്‍ ദുബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും അതും പ്രതീക്ഷിച്ചാണ് ഞാനിവിടെ നില്‍ക്കുന്നതെന്നും കുറുമന്‍ വിശദീകരിച്ചു.

അതെന്തിനാ... തമനൂന്റെ സംശയത്തിന് ‘ഏറനാടന്‍ ഈ തിരുമ്മുകാരുടെ ഉസ്താദാണെന്നായിരുന്നു മറുപടി’

കണ്ടെയ്നറില്‍ നിന്ന് ആദ്യം ഇറങ്ങിയത് അഗ്രുവും ഇക്കാസും ആയിരുന്നു... ഇക്കാസിനെ കണ്ട് തമനു അത്ഭുതപ്പെട്ടു.. ഇവന്റെ കല്ല്യാണമാണല്ലോ ഈശ്വരാ എന്നിട്ടും ഇവനെന്താ എന്ന തമനൂ അത്ഭുതപ്പെട്ടു... കല്ല്യാണം ക്ഷണിക്കാന്‍ വന്നതാണെന്നും കഴിയുമെങ്കില്‍ ദുബൈയില്‍ നിന്ന് കല്ല്യാണത്തിന് ദിനോസറിനെ കൂടി കോണ്ട് പോവാനാണ് പദ്ധതിയെന്നും ഇക്കാസ് വിശദീകരിച്ചു.


എമിരേറ്റ്സ് റോഡിലെ വലിയ റൌഡ് എബൌട്ട് കഴിഞ്ഞപ്പോള്‍ നിറയെ കച്ചവടക്കാരുള്ള ചാന്ദനീ ചൌക്കില്‍ എത്തി... അവിടെ കയ്യില്‍ ഒരു കെട്ട് സിഡിയുമായി മഴത്തുള്ളിയും കുട്ടമ്മെനോനും... വ്യാജസിഡിയാണെന്ന് പറഞ്ഞ് ദില്‍ബന്റെ ചിത്രമുള്ള ജെയിംസ് ബോണ്ട് സിനിമകളുടെ കളക്ഷന്‍ തമനൂന് കൊടുക്കുന്നത് കണ്ടു... ചാന്ദിന്നി ചൌക്കും ഹിമാലായവും കടന്ന് ദുബൈയില്‍ എത്തിയപ്പോള്‍ അവിടെ നിന്ന് ദിനോസര്‍ ഷാര്‍ജയിലേക്ക് പോയെന്നറിഞ്ഞു.

ഞങ്ങടെ കമ്പനി സ്പോണ്‍സറായിട്ടും ഞാനറിയാതെ ഷാര്‍ജയില്‍ പോയോന്നും ചോദിച്ച് കുറുമന്‍ ചൂടായി... ഷാര്‍ജയിലേക്ക് പോകും വഴി തമനു രണ്ട് ആട്ടിന്‍ കുട്ടികളെ വാങ്ങി വണ്ടീല്‍ കയറ്റി... ദിനോസറിനെ അനുനയിപ്പിക്കാനാണെന്നായിരുന്നു മറുപടി...

ബുര്‍ജ് ദുബൈയുടെ മുകളില്‍ തല വെച്ച് കൂര്‍ക്കം വലിച്ചുറങ്ങുന്ന ദിനോസറിന്റെ പുറത്ത് നിന്ന് പാപ്പാന്‍ ഊര്‍ന്നിറങ്ങി... കയ്യില്‍ രണ്ട് വടിയും തലയില്‍ വട്ടക്കെട്ടും കൊമ്പന്‍ മീശയുമുള്ള പാപ്പാന്‍ അടുത്തെത്തിയപ്പോള്‍ അത് സുല്ലായിരുന്നു... ദിനോസറിനുടക്കാന്‍ എവിടെ തേങ്ങ എന്നായി ആദ്യ ചോദ്യം... കുട്ടമ്മേനോന്‍ പോക്കറ്റില്‍ നിന്ന് കുറച്ച് തേങ്ങയെടുത്ത് കൊടുത്തു.

സുല്ലിന്റെ കൂടെ വള്ളിട്രൌസറും കട്ടിക്കണ്ണടയും വെച്ച ഒരു പയ്യനും ഉണ്ട്... പുള്ളിയുടെ കയ്യില്‍ ഒരു സഞ്ചി നിറയേ ബദാം പരിപ്പും... അത്ഭുതത്തോടെ നോക്കിയ എന്നോട് ഇത് ദിനോസറിന് ബോറടിക്കുമ്പൊള്‍ കൊടുക്കാനാണെന്ന് പറഞ്ഞു... ദിനോസറിനെ ഇടക്കിടേ തലോടി സംസാരിക്കുന്ന ആ പയ്യന്‍ രണ്ടാം പാപ്പാന്‍ അഭിലാഷങ്ങളാണെന്ന് സുല്ല് വിശദീകരിച്ചു...

ഞാന്‍ ദിനോസറിന്റെ കൂടെ നിന്ന് ഒരു ഫോട്ടോയെടുത്തു... അതിനായി നൂറ് ഡോളര്‍ വേണമെന്ന് സുല്ല് വാശിപിടിച്ചു. എങ്കിലും ദിനോസറിന്റെ കാല്‍ നഖത്തില്‍ കയറി നിന്ന് ഞാന്‍ ഫോട്ടോക്ക് പോസ് ചെയ്തു... പിന്നെ ഒരു ഗ്രൂപ്പ് ഫോട്ടോ ആവാമെന്നായി... അതിനായി പോസ് എല്ലാവരും ദിനോസറിന്റെ വയറിനു താഴെ നില്‍ക്കുമ്പോഴാണ് ഒരാള്‍ കുലുക്കി വിളിക്കുന്നു... കണ്ണ് തുറന്നപ്പോള്‍ സമയം നാലേ നാല്‍പ്പത്തഞ്ച് എ എം... എണീക്കടേയ് എന്ന് പറഞ്ഞ് സഹമുറിയന്‍.

Labels:

Monday, October 29, 2007

പച്ചാള സ്വയം വരം

രാവിലെ ജോലിക്കെത്തിയപ്പോള്‍ മേശപ്പുറത്ത്‌ A1 സൈസ്‌ കവറ് കണ്ടത്‌... ഫ്രം പച്ചാളം എന്ന് പച്ച മഷിയില്‍ വലുപ്പത്തില്‍ എഴുതിയിരിക്കുന്നു...

തുറന്ന് നോക്കിയപ്പോഴാണ്‌ മടക്കിവെച്ച എന്റെ മേശയുടെ വലിപ്പമുള്ള വെഡിംഗ്‌ കാര്‍ഡ്‌ കണ്ടത്‌. അതിലും പച്ച മഷിയില്‍ വരന്‍ പച്ചാളം.ഹൈകോടതി, എറണാകുളം, കേരള എന്ന് എഴുതിയിട്ടുണ്ട്‌.

ഓഫീസിന്‌ പുറത്ത്‌ ഒരു മിനിബസ്സ്‌ കിടക്കുന്നു. മുകളിലേക്ക്‌ പിരിച്ച്‌ വെച്ച മീശയും തലയില്‍ അമര്‍ത്തിവെച്ച മഞ്ഞ ഹെല്‍മെറ്റും തോളില്‍ ചുവന്ന തോര്‍ത്തും അരയില്‍ തൂങ്ങിക്കിടക്കുന്ന ഗൂര്‍ക്ക കത്തിയുമായി ഡ്രൈവര്‍ സീറ്റില്‍ നിന്ന് വിശാലേട്ടന്‍ ചാടിയിറങ്ങി.

ബസ്സില്‍ രണ്ടുപേര്‌ ഉണ്ടായിരുന്നു. ഡ്രൈവറുടെ വലത്‌ വശത്തെ സീറ്റില്‍ ഗന്ധര്‍വ്വന്‍ മാഷ്‌. അതിന് പിന്നില്‍ പാടെ വെട്ടിയ മുടിയും നീണ്ട താടിയുമായി... ഞാന്‍ സംശയത്തോടെ നോക്കിയപ്പോള്‍ ഞാന്‍ കൈപ്പള്ളിയാ എന്ന് പരിചയപ്പെടുത്തി.

അപ്പോഴേക്ക്‌ ബസ്സ്‌ നിന്നു... തലമുടി അന്യന്‍ സ്റ്റെയിലില്‍ നീട്ടിയിട്ട കുറുമാന്‌ വേണ്ടി... കൂടെ ഒരു ചെണ്ടയും ഉണ്ടായിരുന്നു. കൂടാതെ നീല മുണ്ടും വെളുത്ത ജുബ്ബയും ധരിച്ച ഇടിവാളും കൂടെ മിന്നലും വലിയൊരു മേയ്കപ്പ്‌ ബോക്സുമായി നൂല്‌ പോലെ മെലിഞ്ഞിരിക്കുന്ന ദില്‍ബനും കയറി. ദില്‍ബന്റെ തോളില്‍ ഒരു പ്രാവും ഉണ്ടായിരുന്നു.


ശൈഖ്‌ സായിദ്‌ റോഡില്‍ നിന്ന് കുറ്റിപ്പുറം പാലത്തിലേക്ക്‌ തിരിഞ്ഞ്‌ എയര്‍പോര്‍ട്ട്‌ ടണലും കഴിഞ്ഞ്‌ ബസ്സ്‌ നിര്‍ത്തി. വലിയൊരു വയലിന്‍ ബോക്സുമായി അതുല്യചേച്ചി കയറി. ഈ ബോക്സിലെന്താ എന്ന് ചോദിച്ചപ്പോള്‍ പച്ചാളത്തിനുള്ള വിവാഹ സമ്മാനമാണെന്ന് പറഞ്ഞു. അത്‌ തുറന്നപ്പോള്‍ അതിനകത്ത്‌ ഒരു തോക്കിന്റെ ഭാഗങ്ങളായിരുന്നു. സിനിമയില്‍ വില്ലന്മാര്‍ ഉറപ്പിക്കും പോലെ ഓരോ ഭാഗങ്ങളായി എടുത്ത്‌ അതുല്യചേച്ചി ഉറപ്പിച്ചു. എന്നിട്ട്‌ ഒരു കണ്ണടച്ച് പുറത്തേക്ക്‌ ഉന്നം നോക്കി സീറ്റിന്റെ സൈഡില്‍ തന്നെ വെച്ചു... കൌതുക്കത്തോടെ നോക്കിയ എന്നോട്‌ ‘ഇത്‌ ഏകെ 47 തുപ്പക്കി‘ എന്ന് വിരട്ടി.


വഴിയില്‍ തറവാടി കാത്ത്‌ നിന്നിരുന്നു. അവര്‍ ഒരു ബാലൂണ്‍ വാങ്ങിച്ചിട്ടുണ്ടെന്നും അതില്‍ എത്താമെന്നും പറഞ്ഞു. അപ്പോഴാണ്‌ തലയില്‍ ഒരു ചാക്കും കൈകളില്‍ ഓരോ പ്ലാസ്റ്റിക്ക്‌ കവറുകളുമായി കഴുത്തില്‍ ഒരു യാഷിക്ക ക്യാമറയും (ലെന്‍സിന് മൂടിയില്ല) ബുള്‍ഗന്‍ താടിയുള്ള അഗ്രജനും കൂടെ പാച്ചുവും ഓടിയെത്തിയത്‌. തേഞ്ഞ്‌ വെള്ള നിറം കണ്ട്‌ തുടങ്ങിയ ഹവാക്കര്‍ ഹവായിയും ഫുള്‍ സ്യൂട്ടുമായിരുന്നു വേഷം... ഇതെന്താ എന്ന എന്തെ ചോദ്യത്തിന്‌ കുറച്ച്‌ പച്ചക്കറിയാ... ഏതായാലും നാട്ടില്‍ പോവുകയല്ലേ... വീട്ടില്‍ കൊടുക്കാം എന്ന് പറഞ്ഞു.


കള്ളിമുണ്ടും ബനിയനും അതിന്‌ മുകളില്‍ പച്ചനിറത്തിലുള്ള ഒരുപാട്‌ അറകളുള്ള ബെല്‍ട്ടും കെട്ടിയ സുല്ലും കൂടെ കയറി. തിരിച്ച്‌ പൊരുമ്പോള്‍ കുറച്ച്‌ തേങ്ങകൂടി കൊണ്ടുവരാനായി ഞാന്‍ ഒരു കാലിച്ചാക്ക്‌ കരുതിയിട്ടുണ്ട്‌ എന്ന് ചാക്ക്‌ ഉയര്‍ത്തിക്കാണിച്ച്‌ പുള്ളി പറയുകയും ചെയ്തു. ബര്‍ദുബൈയില്‍ നിന്ന് കരീം മാഷ്‌, നദീര്‍, ഏറനാടന്‍, തമനു, ദേവേട്ടന്‍ തുടങ്ങി ഒരുപാട്‌ പേര്‍ കയറി... ദേവേട്ടനോട്‌ "എന്നാ തിരിച്ച്‌ വന്നത്‌' എന്ന് ചോദിച്ചപ്പോള്‍ 'ഞാന്‍ ഇന്ന് രാവിലെ പച്ചാളത്തിന്റെ കല്ല്യാണത്തിന്‌ പോവാനായി വന്നതാണെന്ന്' പറഞ്ഞു.


കല്ല്യാണമണ്ഡപത്തിന്റെ മുറ്റത്ത്‌ ഒരു പയ്യന്‍ ഓടിക്കളിക്കുന്നു... കയ്യില്‍ തെങ്ങോല കൊണ്ട്‌ ഉണ്ടാക്കിയ ഫാനുമായി... അരോ പറഞ്ഞു ' ഈ പയ്യനെ നല്ല പരിചയമുണ്ടല്ലോ..." കുറുമാന്‍ പരിചയപ്പെടുത്തി... "അത്‌ മനസ്സിലായില്ലേ പണ്ട്‌ സീമയെ നോക്കി നിന്ന് സിനിമയിലഭിനയിച്ച വക്കാരിമേഷ്ടാ."


താലികെട്ടിന്റെ ഫോട്ടോ എടുക്കാനായി കുമാരേട്ടനും ശ്രീജിത്തും ഭയങ്കര അടി നടത്തുന്നു. അവസാനം ശ്രീജിത്ത്‌ ക്യാമറയുമായി എങ്ങോ ഓടിമറഞ്ഞു. ഇടയ്ക്‌ എപ്പോഴോ ഇക്കാസെത്തി. ഇത്‌ സൂസി പോക്കറ്റിലെ അണ്ണാന്‍ കുഞ്ഞിനെ പരിചയപ്പെടുത്തി.


അമേരിക്കയില്‍ നിന്ന് വന്ന ഹെലികോപ്പ്റ്റര്‍ പച്ചാളത്തിന്റെ വീടിനടുത്ത വലിയ മാവിന്‍ കൊമ്പില്‍ ലാന്റ്‌ ചെയ്തു. അതില്‍ നിന്ന് തൂക്കിയിട്ട പ്ലാസ്റ്റിക്ക്‌ കയറില്‍ തൂങ്ങി, ഫുള്‍ കഷണ്ടിയുള്ള കട്ടിക്കണടവെച്ച കുതിരയുടെ ചിത്രമുള്ള കുപ്പായവുമിട്ട്‌ ആദ്യം താഴേ എത്തിയ ആദിക്ക്‌ പിന്നാലെ പര്‍ദ്ദയിട്ട ഒരാളുകൂടി ഉണ്ടായിരുന്നു ആദി തന്നെ പരിചയപ്പെടുത്തി 'ഇത്‌ ഇഞ്ചിപെണ്ണ്‍' പിന്നാലെ അനംഗരി, ഉമേഷ്‌ മാഷ്‌.


ഇക്കാസ്‌ ഓടിവന്ന് പറഞ്ഞു. പച്ചാളത്തെ കാണാനില്ല... അതോടെ ആകെ ബഹളമായി... ദില്‍ബന്‍ പറഞ്ഞു... പച്ചാളമില്ലങ്കിലും കല്ല്യാണം നടക്കണം... എന്നാല്‍ വരന്‍ തല്‍കാലം ദില്‍ബാസുരനാവട്ടേ എന്ന് തീരുമാനിച്ചു. വേറെ ചിലര്‍ ശ്രീജിത്തിന്റെ പേര്‌ നിര്‍ദ്ദേശിച്ചു.

അപ്പോഴാണ്‌ ഒരു വന്‍ ജാഥ അങ്ങോട്ട്‌ വന്നത്‌. അത്‌ ബാച്ചി ക്ലബ്ബ്‌ മെമ്പേഴ്സ്‌ ആയിരുന്നു. ദില്‍ബനേയും ശ്രീജിത്തിനേയും വിട്ടുതരില്ലന്ന് മുദ്രാവാക്യം മുഴക്കിയെത്തിയ അവരെ വിശാലേട്ടന്‍ ഗൂര്‍ക്കക്കത്തി വീശി വിരട്ടി ഓടിച്ചു.

വീണ്ടും സംഘടിച്ച ബാച്ചിലേഴ്സിനെതിരെ അതുല്യചേച്ചി ഏകെ 47 എടുത്തു. അഗ്രജന്‍ തൊട്ടടുത്തുള്ള മാവില്‍ കയറി, രണ്ട്‌ കൈകളും മൈക്ക്‌ പോലെയാക്കി ഉച്ചത്തില്‍ വിളിച്ച്‌ പറഞ്ഞു..."ജനക്കൂട്ടം പിരിഞ്ഞ്‌ പോവണം... ഇല്ലങ്കില്‍ ആകാശത്തേക്ക്‌ വെടിവെക്കേണ്ടി വരും..." ഇത്‌ കേട്ടതോടെ ബാച്ചിലേഴ്സ്‌ ഓടി രക്ഷപ്പെട്ടു.


ഇടയ്ക്കെപ്പോഴോ പച്ചാളവും കുറേ തടിമാടന്മാരും കൂടി കടന്ന് വന്നു. "എവിടെ പോയുരുന്നു ഗഡീ..." കുറുജിയുടെ ചോദ്യത്തിന്‌ ഒരു ക്വൊട്ടേഷന്‍ ഉണ്ടായിരുന്നു എന്നായിരുന്നു മറുപടി കിട്ടി.


പന്തലില്‍ പത്തിരുപത്തഞ്ച്‌ പെണ്‍കുട്ടികള്‍ നിരന്ന് നില്‍ക്കുന്നു. അവരുടെ മുമ്പിലേക്ക്‌ കറുത്ത ബര്‍മുഡയും വെളുത്ത ബനിയനും ധരിച്ച്‌ ഒരു മാലയുമായി പച്ചാളമെത്തി. അപ്പോഴും അരയില്‍ ഒരു കൊടുവാള്‍ തൂക്കിയിട്ടിരുന്നു. അവര്‍ക്ക്‌ മുമ്പിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി... പിന്നെ പിന്നിലേക്ക്‌ തിരിഞ്ഞ്‌ ചോദിച്ചു "എവിടെ ഇക്കാസ്‌... ?"

ആരുടേയോ മൊബയില്‍ അടിക്കുന്നുണ്ട്‌... അല്ല എന്റേത്‌ തന്നെ... ഞെട്ടിയുണര്‍ന്നപ്പോള്‍ 4.45 ആയിരിക്കുന്നു. ജോലിക്ക്‌ പോവാന്‍ റെഡിയാവാന്‍ സമയമായി. പതുക്കെ ഏണിറ്റു.


സത്യത്തില്‍ എന്തിനാവും പച്ചാളം ഇക്കാസിനെ അന്വേഷിച്ചത്‌.