വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി

-

Sunday, June 29, 2008

പ്ലസ് ബി

കടുംനിറമുള്ള കാര്‍പ്പെറ്റ് തന്നെ സംഘടിപ്പിക്കാനും... അതേ നിറത്തിലുള്ള മേശയും മേശവിരിയും കസേരകളും ഒരുക്കാനും ഒതുക്കാനുമായി ഓഫീസ് സെക്രട്ടറി ഓടിനടന്നു... വാടകക്കാരന്‍ നീലനിറത്തിലുള്ള കസേരകളുമായെത്തിയപ്പോള്‍ അയാള്‍ കയര്‍ത്തു... നിറം മങ്ങിയിരുന്ന ജനല്‍ കര്‍ട്ടണുകള്‍ മാറ്റി... ഇളം നിറത്തിലുള്ളവ തൂക്കി. കോണിപ്പടി മിനുക്കി... പുത്തന്‍ നിറത്തില്‍ ഫൈബര്‍ കസേരകള്‍ വിപ്ലവത്തിനായി കാത്തു കിടന്നു. അവസാന മിനുക്കുപണികള്‍ക്കിടയിലാണ് മീറ്റിംഗിന് വേണ്ട് ബ്രോഡ് ബാന്റ് കണക്ഷന്‍ തയ്യാറാക്കിയത്.

വിശാലമായ മേശയ്ക്ക് ചുറ്റും ഇരുന്നവരില്‍ നിന്ന് സംസാരത്തിന്റെ ചരട് ഏറ്റെടുക്കും മുമ്പ്, ഗ്ലാസില്‍ നുരഞ്ഞുയരുന്ന കറുത്ത ദ്രാവകം കൈവിരല്‍ മുക്കി തണുത്തതാണോ എന്ന് പരിശോധിച്ച് ഒരാള്‍ ശബ്ദമുയര്‍ത്തി...

“ഈ പെപ്സിയെന്തേ തണുപ്പിക്കാഞ്ഞത്...”
“ഇവിടെ ഫ്രിഡ്ജിന് എന്തോ പ്രോബ്ലം ഉണ്ട്... “
“ഇത് ഇന്ന് വാങ്ങിച്ചതല്ലേ... അതോ പഴയ സ്റ്റോക്കാണോ”
“ഇത് പുതുപുത്തന്‍ തന്നെ... പക്ഷേ കവലയിലെ പെട്ടിക്കടയില്‍ നിന്നാ വാങ്ങിച്ചത്... അവിടെ ചിലപ്പോള്‍ കുറച്ച് ദിവസം മുമ്പ് വന്നതായിരിക്കും... ലോഡ് ഷെഡിംഗ് ഇപ്പോള്‍ തീര്‍ന്നതല്ലേ ഉള്ളു.. അതാവും തണുപ്പില്‍ നിന്ന് ചൂടിലേക്കുള്ള ചുവട് മാറ്റം.“

കറുപ്പ് മുടിയില്‍ ആക്രമിച്ചെത്തിയ വെളുപ്പില്‍ അഭിമാനിക്കുന്ന അംഗത്തിന്റെ മുഴുശ്രദ്ധയും ലാപ് ടോപ്പിലെ മിന്നി മറയുന്ന സ്ക്രീനിലായിരുന്നു. അയാളുടെ പരുക്കന്‍ വിരലുകള്‍ വെളുത്ത അക്കങ്ങളും ചിഹ്നങ്ങളും തലോടി. ഇടയ്ക്കിടെ കൂട്ടിയും കിഴിച്ചും പണപ്പെരുപ്പത്തില്‍ ആധി പ്രകടിപ്പിച്ചു. “നീ എപ്പ വരും...” സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മകനെ മൊബൈലില്‍ ലാളിക്കുന്ന നേതാവിന്റെ മുഖത്ത് ശ്രദ്ധയേക്കാള്‍ സൂക്ഷ്മതയായിരുന്നു. “ഇനി പരസ്പരം കണ്ട് സംസാരിക്കാനും കഴിയുമെത്രെ..” മറ്റുള്ളവരുടെ അസഹ്യത വകവെക്കാതെ അയാള്‍ സംസാരിച്ച് കൊണ്ടിരുന്നു.

അതിക്രമിച്ചെത്തുന്ന മുതലാളിത്വവും ആഗോളവത്കരണവുമായിരുന്നു അജണ്ട... ചര്‍ച്ചയ്ക്കിടയില്‍ വീണുടഞ്ഞ ഗ്ലാസിന്റെ കഷ്ണം ചവിട്ടയരച്ച് ചില കാലുകള്‍ സാമ്രാജ്യത്വത്തോട് അമര്‍ഷം തീര്‍ത്തു. കത്തികയറിയ പ്രസംഗങ്ങള്‍ക്കും പത്രസമ്മേളത്തിനും അവസാനം എല്ലാവരും പിരിഞ്ഞപ്പോള്‍ ... കടും നിറത്തിലുള്ള മേശയ്ക്ക് താഴെ, സിഗരറ്റ് കുറ്റികള്‍ക്ക് നടുവില്‍ ഒരു ബീഡികെട്ട് കിടന്നു... നിഷ്കളങ്കമായി...