വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി

-

Monday, March 31, 2008

വിപ്ലവം...

കലപ്പയില്‍ പുരണ്ട ഭൂരക്തത്തെ കഴുകാനാവാതെ അറച്ച് നിന്ന യജമാനന്റെ നിസ്സഹായത ഞാനറിയുന്നു‍... വരണ്ട പുഴകളും നിറഞ്ഞ വയറുകളും കാലം തെറ്റിയെത്തുന്ന പേമാരിയും പരിഹാസത്തിന് പുതിയ വാക്യങ്ങള്‍ സൃഷ്ടിക്കുന്നു. ചിന്തകളുടെ കൂര്‍ത്തമുന ആക്രമിക്കുമ്പോഴും സഹപ്രവര്‍ത്തകന്റെ നിസംഗത നോക്കി നില്‍ക്കാനാണ് മനസ്സ് വന്നത്.

കാര്‍വര്‍ണ്ണത്തില്‍ തീര്‍ത്ത കടുത്ത ശരീരത്തിലെ അദൃശ്യ ബിന്ദുവില്‍ നിന്ന് ഉണരുന്ന നവ ചിന്തയുടെ അനുരണങ്ങള്‍ അടിമയാണെന്ന ബോധം കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്നത് തന്നെ. ചിന്തയിലെ ഈ വിപ്ലവമാണൊ അതോ അടിമുടി ആശ്ലേഷിച്ച അടിമത്തമാണൊ അടിസ്ഥാന പ്രശ്നം... തലപുകയുന്ന വിഷയം ...

“നടക്ക് പോത്തെ...’ എന്ന ശാസനയോടോപ്പം യജമാനന്റെ കൈയ്യിലെ വടി ഉയര്‍ന്ന് തഴ്ന്നു... തൊലിക്കട്ടിയെ ജയിച്ചെത്തിയ വേദന, ചിന്തയുടെ വാത്മീകത്തില്‍ നിന്നുണര്‍ന്ന് നടക്കാന്‍ പ്രേരിപ്പിച്ചു... അപ്പോഴും വിപ്ലവത്തിന്റെ കടക്കല്‍ കത്തിവെച്ച യജമാനന്‍ എന്ന മൂരാച്ചി പിന്നില്‍ നടക്കുന്നുണ്ടായിരുന്നു...